ഭീതിയല്ല , ജാഗ്രതയാണ് വേണ്ടത്.

16 March 2020

ലോകമൊട്ടാകെ ഒരു വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് . അനേകമാളുകളുടെ ജീവനെടുത്ത കോവിഡ്-19 എന്ന മഹാ വ്യാധി ജനജീവിതത്തിന് തന്നെ ഭീഷണിയായി തുടരുകയാണ് . ഇപ്പോഴും അനേകമാളുകളിൽ കോവിഡ് - 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗ വ്യാപനം തടയാൻ അതാത് ഗവൺമെന്റുകൾ സ്വീകരിക്കുന്ന നിലപാടുകൾ പ്രതീക്ഷ നൽകുന്നതാണ് . ഡിസംബറില്‍ വുഹാനില്‍ കണ്ടെത്തിയ അജ്ഞാത വൈറസ് മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്നതാണെന്നാണ് ആദ്യം കണ്ടെത്തിയത് . ഈ വൈറസ് ആണ് പിന്നീട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്ന് അനേകമാളുകളുടെ മരണത്തിനിടയാക്കിയത് . കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ വൈറസിനെ ചെറുക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത് . സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി ,ശ്വാസ തടസ്സം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍ , അതായത് പ്രായമായവരിലും , കുട്ടികളിലുമാണ് വൈറസ് പെട്ടെന്ന് പിടി മുറുക്കുക. ശരീര സ്രവങ്ങളിലൂടെയാണ് വൈറസ് പടരുന്നത്. തുമ്മുമ്പോഴും , ചുമയ്ക്കുമ്പോഴും ഈ വൈറസ് വായുവിലൂടെ പടരുകയും ആളുകളിലേക്ക് എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിധ്യം ഉള്ളയാളെ സ്പര്ശിക്കുന്നതും , ഹസ്തദാനം നൽകുന്നതും രോഗം പടരാൻ കാരണമാവുന്നു. രോഗബാധിതനായ വ്യക്തി തൊടുന്ന ഇടങ്ങളിലെല്ലാം വൈറസ് സാന്നിധ്യമുണ്ടാവാം . അത് മറ്റൊരാൾ സ്പർശിക്കുകയും , ആ കൈകൾ കൊണ്ട് മൂക്കിലും , കണ്ണിലും , വായിലും തൊടുന്നതിനാലും രോഗം പടരും . ആശങ്കയല്ല, കരുതലാണ് വേണ്ടത് . കൃത്യമായ ശുചിത്വം ശീലമാക്കുന്നത് കൊണ്ട് നമുക്ക് രോഗ വ്യാപനം തടയാനാവും. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതും , യാത്രയിൽ സ്ഥിരമായി മാസ്ക് ഉപയോഗിക്കുന്നതും , കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും വൈറസിനെ തടയാൻ സഹായിക്കുന്നു . മാത്രമല്ല , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം . വൈറസിന്റെ വ്യാപനം തടയുന്നതിന് വൈറസിനെ അകറ്റി നിർത്തുക എന്നത് തന്നെയാണ് ഏക പോംവഴി . കരുതലോടെ മുന്നേറാം ... ഒറ്റക്കെട്ടായ് ചെറുക്കാം .